തമിഴിൽ ശ്രദ്ധ നേടിയ യൂത്ത് എന്ന ചിത്രത്തെ പ്രശംസിച്ച് ഋഷഭ് ഷെട്ടി. വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് താനിരുന്നതെന്ന് ഋഷഭ് ഷെട്ടി കുറിച്ചു.
നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ചു നായകനായി എത്തിയ ചിത്രമാണ് യൂത്ത്. ഒരേസമയം ഈ മൂന്ന് മേഖലകളും ഇത്രയും മികവോടെ കൈകാര്യം ചെയ്ത കെൻ കരുണാസ് ഇന്ത്യൻ സിനിമയ്ക്ക് ഒരു വലിയ മുതൽക്കൂട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ഋഷഭ് ഷെട്ടി പ്രത്യേകം എടുത്തുപറഞ്ഞു.
‘‘വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് ഞാനിരിക്കുന്നത്. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞതാണ് യൂത്ത്. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ ആദരവാണിത്.
രചന, സംവിധാനം, അഭിനയം എന്നിവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നതും അതിൽ ഇത്രത്തോളം സൂക്ഷ്മമായ ആഴം കൊണ്ടുവരികയും ചെയ്തത് തീർച്ചയായും പ്രശംസനീയമാണ്.
ഓരോ അഭിനേതാവിനെയും വളരെ സ്വാഭാവികമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സർ, ദേവദർശിനി മാം, പിന്നെ ആ സുഹൃദ് സംഘം എന്നിവരെ രെയെല്ലാം സ്ക്രീനിൽ കാണുന്നത് വലിയൊരു സന്തോഷമായിരുന്നു.
ഈ കാഴ്ചപ്പാടിൽ വിശ്വസിച്ച സംഗീത സംവിധായകൻ ജി.വി പ്രകാശ്, ഡി.ഒ.പി വിക്കി, എഡിറ്റർ നാഷ്, നിർമാതാക്കളായ കെ.സി.ആർ, സുലോചന കുമാർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കെൻ കരുണാസ് ഒരുക്കിയ ചിത്രം, യൂത്ത്. സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും.’’ ഋഷഭ് ഷെട്ടി കുറിച്ചു.